അര്‍ച്ചനയുടെ ഭര്‍ത്താവായ ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. മകളെ കൊന്നതാണെന്ന് സംശയം ഉള്ളതായും ഓട്ടോ ഡ്രൈവറായ അര്‍ച്ചനയുടെ അച്ഛൻ രാജുവും ഭാര്യ ലതയും പറയുന്നു. പോസ്റ്മോര്‍ട്ടും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.
കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു മണര്‍കാട് മാലം ചിറയില്‍ അര്‍ച്ചന രാജ് (24) നെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരമായി കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പിന്നീട് പോലീസ് കണ്ടെത്തി. കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തില്‍ മണര്‍കാട് പോലീസ് പരിശോധന നടത്തി.
മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്വത്തും പണവും ഒന്നും വേണ്ടെന്ന് പറഞ്ഞ് കല്യാണം കഴിച്ചതായിരുന്നു കിടങ്ങൂര്‍ സ്വദേശിനി അര്‍ച്ചനയെ. പിന്നീട് ബിനും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് അര്‍ച്ചനയുടെ പിതാവ് രാജു പറയുന്നു. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വകയില്ലെങ്കിലും സ്ഥലം വിട്ട് പണം നല്‍കാമെന്ന് രാജു പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കും കോവിഡ് ആ വഴി മുടക്കി. ഈ ദേഷ്യം ബിനു തീര്‍ത്തത് അര്‍ച്ചനയോട് ആയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു . ബിനു അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു. അര്‍ച്ചന മരിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നു.
ബിനു ഓട്ടോ കോണ്‍സള്‍ട്ടന്റ് ആണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അര്‍ച്ചനയ്ക്ക് ഒരു മകളുമുണ്ട്.
അര്‍ച്ചന വീട്ടില്‍ എത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നില്‍ വെച്ചും മർദ്ദിക്കുമായിരുന്നെന്നും അര്‍ച്ചനയുടെ സഹോദരിമാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് മണര്‍കാട് പോലീസ് കേസെടുത്തു. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്.