ശ്രീനിവാസൻ വധം: ഗൂഢാലോചന മോര്‍ച്ചറി പരിസരത്ത്; പ്രതികളുടെ മൊഴി പുറത്ത്



പാലക്കാട്∙ ആർഎസ്എസ് മു‍ൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസന്റെ (45) കൊലപാതകം മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ ഗൂഢാലോചനയില്‍ നടപ്പാക്കിയതെന്ന് കേസിൽ അറസ്റ്റിലായവരുടെ മൊഴി.

 എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം. ആര്‍എസ്എസ് കോട്ടയില്‍ കയറിയുള്ള ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പ്രതികൾ സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഏപ്രിൽ 15നാണ് പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43) കൊല്ലപ്പെട്ടത്. അന്ന് രാത്രി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെ ചര്‍ച്ചയില്‍ അരമണിക്കൂറിനുള്ളില്‍ തീരുമാനമെടുത്തു. അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു. ഏപ്രിൽ 16ന് രാവിലെ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങിയ സമയം വീണ്ടും ഒത്തുചേര്‍ന്ന് അന്തിമ രൂപമുണ്ടാക്കി.

പിന്നാലെ ഇരുചക്രവാഹനങ്ങളിലായി എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ നാലു ബിജെപി, ആര്‍എസ്എസ് നേതാക്കളെ അന്വേഷിച്ച് വീടുകള്‍ക്ക് പരിസരത്ത് കൊലയാളികള്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയവര്‍ കൃത്യം നടത്തി മടങ്ങുമ്പോള്‍ ചിലര്‍ സമീപത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. അക്രമി സംഘത്തെ ആരെങ്കിലും തടയുകയോ പ്രത്യാക്രമണമോ ഉണ്ടായാൽ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കൊലയ്ക്ക് ശേഷം പ്രതികൾ വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെട്ടു. പിന്നാലെ കൊലയാളികളിൽ ചിലർ ജില്ല ആശുപത്രിയിലുെമത്തിയിരുന്നു. 

നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് ശ്രീനിവാസന്‍ കൊലക്കേസില്‍ നിർണായകമായത്. നാലു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പാലക്കാട് ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), റിയാസുദീൻ (35), മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി സ്വദേശി സഹദ് (22) എന്നിവരാണ് അറസ്റ്റിലായത്.


Previous Post Next Post