പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബോളിവുഡ് താരം അനുപം ഖേർ. പുതിയ ചിത്രം കശ്മീർ ഫയൽസ് വൻ വിജയമായതിന് പിന്നാലെയാണ് അനുപം ഖേർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മോദിക്കായി പ്രത്യേക സമ്മാനവുമായാണ് നടൻ എത്തിയത്. അമ്മ ദുലാരി ഖേർ തന്നുവിട്ട രുന്ദ്രാക്ഷമാലയാണ് അനുപം ഖേർ മോദിക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്.
"രാപകലില്ലാതെ രാജ്യത്തിനായി താങ്കൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് എന്നും ഞാനോർക്കും" എന്ന കുറിപ്പിലാണ് അനുപം ഖേർ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.