സഭയുടെ വോട്ട് ഉറപ്പ്'- സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി ഉമ തോമസ്

' 
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി. വൈദികരെ നേരിൽക്കണ്ട് ഉമ വോട്ടഭ്യർത്ഥിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന പ്രചാരങ്ങൾക്കിടെയാണ് ഉമയുടെ സന്ദർശനം. 

എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല. കർദ്ദിനാൾ എത്തിയാൽ വീണ്ടും എത്തി വോട്ട് അഭ്യർത്ഥിക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. 

നേരത്തെ നടൻ മമ്മൂട്ടി, ലീലാവതി ടീച്ചർ, സാനു മാഷ് എന്നിവരെ നേരിൽ കണ്ടും ഉമ തോമസ് വോട്ട് അഭ്യർത്ഥിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും.

രാവിലെയാണ് ലീലാവതി ടീച്ചറിനെ ഉമ തോമസ് സന്ദര്‍ശിച്ചത്. പിടി ക്ക് എന്ന പോലെ എനിക്കും തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ സ്വീകരിച്ചതെന്ന് ഉമ തോമസ് പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Previous Post Next Post