തിരുവനന്തപുരം: ഓഫീസ് ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പോലീസ് കേസ്. ഷെഫീറിന്‍റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഷെഫീർ നൽകിയ മറ്റൊരു പരാതിയിൽ ഈ സ്ത്രീക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ബി ആർ എം ഷെഫീർ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് ഓഫീസിൽ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതി. അതേസമയം താൻ അറിയാതെ ക്ലർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് ഷെഫീറിന്‍റെ പരാതി. ഇദ്ദേഹം പരാതി നൽകിയ ശേഷമാണ് വനിതാ ക്ലർക്ക് പരാതി നൽകിയത്. രണ്ട് കേസിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമായ യുവ നേതാവ് കൂടിയാണ് ഇദ്ദേഹം.