പാലക്കാട്: അട്ടപ്പാടി മധുകേസിലെ പ്രധാന സാക്ഷികളുടെ വിചാരണ ഈ മാസം 8 ന് തുടങ്ങാനിരിക്കെ സാക്ഷികളെ എല്ലാവരെയും പ്രതികള്‍ രാഷ്ട്രിയമായോ സാമ്പത്തികമായോ സ്വാധീനിച്ച് കൂറുമാറ്റിയതായി മധുവിന്റെ കുടുംബം ആരോപിച്ചു. ഇവരുടെ ബന്ധുകൂടിയായ പ്രധാന സാക്ഷികളില്‍ ഒരാളെ സ്വാധീനിക്കുന്നതിനായി കേസിലെ ഒമ്പതാം പ്രതി നജീബ് സ്വന്തം വാഹനത്തില്‍ കയറ്റി മണ്ണാര്‍കാട്ടേക്ക് കൊണ്ടുപോയി. അതുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മ മല്ലി ജൂണ്‍ 5 ന് അഗളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മധുവിന് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും നാളിതുവരെ ആയിട്ടും സര്‍ക്കാര്‍ യാതൊരു വിധ അലവന്‍സുകളോ, മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ അനുവദിച്ചില്ല. ഇതും കേസിന്റെ മുന്നോട്ട് പോക്ക് ഇല്ലാതാക്കാനാണ് എന്നാണ് മധുവിന്റെ കുടുംബം പറയുന്നത്. മുന്‍പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും സമാന കാരണത്താലാണ് പിന്‍മാറിയത് എന്നാണ് അവര്‍ പറയുന്നത്.
ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരോടും സര്‍ക്കാര്‍ അതേ സമീപനം തുടരുന്നതില്‍ ദുരൂഹതയുണ്ട്. പ്രതികളുടെ മൊഴിമാറ്റി കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ട മധുവിന് നീതി കിട്ടാന്‍ ഇനിയും തെരുവിലേക്ക് സമരങ്ങളുമായി ഇറങ്ങേണ്ട ഗതികേടിലേക്ക് പോകേണ്ടി വരുമോ എന്നതാണ് അവരുടെ സര്‍ക്കാറിനോടുള്ള ചോദ്യം. ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന നിലപാടാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്. ലക്ഷങ്ങള്‍ ചിലവിട്ട് കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ പല കേസുകളിലെന്നപോല്‍ ഇതിലും ശ്രമിക്കുന്നു എന്നും അവര്‍ പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
പക്ഷേ, ഒരിക്കല്‍പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. എന്നാല്‍ അദ്ദേഹവും പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു. പിന്നീടാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരായ ഇ.രാജേന്ദ്രന്‍ , രാജേഷ്.എം.മേനോന്‍ എന്നിവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചതും കേസ് മുന്നോട്ട് പോകുന്നതും എന്നാല്‍ ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള അലവന്‍സും , മറ്റ് സൗകര്യങ്ങളും നല്‍ക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയത് അടിയന്തിരമായി പരിഹരിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ കുറുമാറല്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ സ്വികരിച്ച് നീതി ഉറപ്പാക്കണമെന്ന് മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.