മാലിദ്വീപിലും പ്രതിഷേധം; സിംഗപ്പൂരിലേക്ക് കടക്കാന്‍ രജപക്‌സെ, ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും




 
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റ് ആയി ചുമതലയേറ്റതിനാലാണ് നടപടി. പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ വിക്രമസിംഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. 

സര്‍ക്കാരിനും പ്രതിപക്ഷത്തിനും സമ്മതനായ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാനാണ് സ്പീക്കര്‍ മഹിന്ദ യാപ അഭയവര്‍ധനയോട് വിക്രമസിംഗെ ആവശ്യപ്പെട്ടിരിക്കുന്നത്.

റെനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ച ശേഷമാണ് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നത്. മാലിദ്വീപില്‍ അഭയം പ്രാപിച്ച രജപക്‌സെയ്ക്ക് എതിരെ അവിടെയും പ്രതിഷേധമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രിയോടെ സിംഗപ്പൂരിലേക്ക് കടക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വിക്രമസിംഗെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കി. കര,നാവിക,വ്യോമസേന തലവന്‍മാരെയും പൊലീസ് മേധാവിയേയും ചേര്‍ത്ത് സമാധാനം പുനസ്ഥാപിക്കാനായി പുതിയ സമിതി രൂപീകരിച്ചു.

ക്രമസാമാധാന പാലനത്തിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ ഈ സമിതിക്ക് സ്വീകരിക്കാം. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടാകില്ല. കൊളംബോയിലേക്ക് വരുന്ന ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്.
Previous Post Next Post