തേയിലക്കാട്ടിൽ ബോധരഹിതയായി പെൺകുട്ടി; ആരോ വടികൊണ്ട് അടിച്ചുവെന്ന് മൊഴി, സ്വർണക്കമ്മലും വെള്ളിക്കൊലുസും കവർന്നു


ഇടുക്കി: അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണക്കമ്മലും വെള്ളിക്കൊലുസും കവർന്നു. ചൊവ്വാഴ്ച വൈകിട്ട് അയ്യപ്പൻകോവിൽ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈകിട്ട് 4.40 നാണ് പത്ത് വയസുകാരിയായ കുട്ടി ചപ്പാത്ത് വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. ഇവിടെ നിന്നും പെൺകുട്ടി ഒറ്റക്കാണ് വീട്ടിലേക്ക് പോയത്. വീടിനു സമീപം വരെ ആൾ സഞ്ചാരം വളരെ കുറഞ്ഞ തേയിലക്കാടാണ്. കുട്ടി സ്കൂൾ വിട്ട് വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയിലക്കാട്ടിൽ ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ കണ്ടത്. കുട്ടിയുടെ ചെരിപ്പും ബാഗും റോഡിൽ കിടക്കുന്നതാണ് ആദ്യം കണ്ടത്. പിന്നീട് സമീപത്തെ തേയിലക്കാട്ടിൽ തെരച്ചിൽ നടത്തിയപ്പോൾ റോഡിൽ നിന്നും ഏതാനും അകലെ തേയിലക്കാട്ടിൽ കുട്ടിയെ ബോധരഹിയായി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ ബഹളം വെള് ആളുകളെ കൂട്ടി പെൺകുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നിൽ നിന്നും ആരോ വടികൊണ്ട് അടിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബോധരഹിതയായ പെൺകുട്ടിയുടെ സ്വർണക്കമ്മലും കാലിലെ വെള്ളിക്കൊലുസും അക്രമി അപഹരിച്ചിട്ടുണ്ട്. ഉപ്പുതറ പോലീസ് കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കി.

കുട്ടിയെ അക്രമിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ ആവശ്യമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തംഗം ബി ബിനു പറഞ്ഞു. സംശയം തോന്നുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. സംഭവം അറിഞ്ഞ ഉടൻ തന്നെ ഉപ്പുതറ സിഐ, പീരുമേട് ഡിവൈഎസ്പി എന്നിവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.

Previous Post Next Post