ബസ് സ്റ്റോപ്പില്‍ ആണും പെണ്ണും അടുത്തിരിക്കുന്നതിന് വിലക്ക്; മടിയിലിരുന്ന് പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികൾ


  
തിരുവനന്തപുരം: സദാചാരവാദികള്‍ക്കെതിരെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം. തിരുവനന്തപുരം ഗവ.
എന്‍ജിനീയറിങ് കോളജിന്(സി.ഇ.ടി) സമീപമാണ് സംഭവം.

 ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ പൊളിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടുപേര്‍ ഒരുമിച്ചിരുന്നായിരുന്നു ഇതിന് വിദ്യാര്‍ഥികളുടെ മറുപടി.

ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ഇരിപ്പിടം പൊളിച്ചുമാറ്റിയ കാര്യം വിദ്യാര്‍ഥികള്‍ അറിഞ്ഞത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത്  തടയാനാണ് ഇങ്ങനെ ചെയ്തത് എന്നു മനസിലാക്കിയപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ​​'' അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ, മടീല്‍ ഇരിക്കാലോല്ലേ എന്ന കുറിപ്പോടെ ''ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

ചിത്രം ആളുകള്‍ ഏറ്റെടുത്തു. വിവരമറിഞ്ഞ് മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എത്തി. കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ ആണ് മറുപടിയുമായി രംഗത്തുവന്നത്.മുമ്പ് പെണ്‍കുട്ടികള്‍ 6.30ന് ഹോസ്റ്റലില്‍ കയറണമെന്ന നിര്‍ദേശത്തിനെതിരെയും വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ ക​യറേണ്ട സമയം രാത്രി 9.30വരെ ആക്കിയത്. 



 
Previous Post Next Post