ചരിത്രം രചിച്ച് ദ്രൗപതി മുർമു, ഇന്ത്യയുടെ പുതിയ രാഷ്ട്രപതി


ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തു. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപതി മുർമു. 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപതി മുർമുവിനു ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ 208 എംപിമാരാണ് പിന്തുണച്ചത്. പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൻ്റെ ഭാഗമായത്. ഇന്ന് രാവിലെ 11 മണി മുതൽ പാർലമെൻ്റ് മന്ദിരത്തിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

പാർലമെൻ്റ് അംഗങ്ങളുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെയുള്ള 776 പാർലമെൻ്റ് അംഗങ്ങളിൽ 771 അംഗങ്ങൾക്കാണ് വോട്ടുണ്ടായിരുന്നത്. 763 എംപിമാർ വോട്ടു രേഖപ്പെടുത്തി. എട്ടുപേർ വോട്ടു ചെയ്തിരുന്നില്ല. 15 പേരുടെ വോട്ടുകൾ അസാധുവായെന്ന് രാജ്യസഭാ സെക്രട്ടറി ജനറൽ അറിയിച്ചു. ഇതോടെ 748 പേരുടെ വോട്ടാണ് സാധുവായത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി 395 വോട്ടുകളാണ് ബിജെപിക്കുള്ളത്. ഇതിനേക്കാൾ 145 വോട്ടുകൾ കൂടി മുർമുവിൻ്റെ ബാലറ്റിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. തിങ്കളാഴ്ചയാണ് ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് നടന്നത്.

ഒഡീഷ സ്വദേശിനിയായ ദ്രൗപദി മുർമു ജാർഖണ്ഡിൻ്റെ ആദ്യ വനിതാ ഗവർണർ ആയിരുന്നു. 64 കാരിയായ മുർമു സന്താൾ ഗോത്ര വിഭാഗമാണ്. 2000-2004 കാലഘട്ടത്തിൽ ഒഡീഷയിലെ ബിജെപി-ബിജെഡി സർക്കാരിൽ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. കൗൺസിലർ ആയാണ് രാഷ്ട്രീയ പ്രവേശനം. ആർട്‌സ് ബിരുദധാരിയായ ദ്രൗപദി മുർമു രാഷ്ട്രീയത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും രണ്ടു പതിറ്റാണ്ട് കാലം സജീവമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം ഈ മാസം 24 നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ കാലാവധി അവസാനിക്കുക. 2017 ജൂലൈ 25 നാണ് രാംനാഥ് കോവിന്ദ് ചുമതലയേറ്റത്. രാജ്യത്തിൻ്റെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവി കൂടിയാണ് രാഷ്ട്രപതി. ഇന്ത്യൻ ഭരണഘടനയുടെ 52-ാം അനുച്ഛേദത്തിലാണ് ഇന്ത്യയ്ക്കൊരു രാഷ്ട്രപതി ഉണ്ടാകണമെന്ന് നിഷ്കർഷിക്കുന്നത്.

Previous Post Next Post