ലൈനിൽ തൊട്ടു മരിക്കണ്ട; ഷോക്കടിക്കാത്ത തോട്ടിയുമായി KSEB വരുന്നു


തിരുവനന്തപുരം: വൈദ്യുത കമ്പികളിൽ ലോഹത്തോട്ടികൾ  തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി കെഎസ്ഇബി . ലോഹത്തോട്ടികൾക്ക് പകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെഎസ്ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്. ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം ഇൻസുലേറ്റഡ് തോട്ടികൾ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ നിർമിക്കും. ഒരു തോട്ടിക്ക് 1860 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിതമായി എങ്ങനെ ഇൻസുലേറ്റഡ‍് തോട്ടികളുണ്ടാക്കാമെന്ന് വിദഗ്ധാഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നിർമാണം തുടങ്ങുക.

മാസത്തവണയായും പണമടയ്ക്കാം. ഇപ്പോൾ ലോഹത്തോട്ടികൾ ഉപയോഗിക്കുന്നവർ അവ കെഎസ്ഇബിക്ക് നൽകിയാൽ പകരം തോട്ടികൾ നൽകും. തോട്ടി ഉപയോഗിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകട മരണങ്ങളുണ്ടായ അഞ്ച് സെക്ഷനുകളിലെ 50 ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടമായി നൽകുക.

ലോഹത്തോട്ടികൾ തിരികെ നൽകാൻ സാധിക്കാത്തവർക്ക് തോട്ടിയുടെ വില മാസതവണ പോലെ വൈദ്യുതിബില്ലിൽ ചേർത്തുനൽകും. ഇൻസുലേറ്റഡ് തോട്ടിയുണ്ടാക്കുന്ന രീതി വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷം മരിച്ചത് 10 പേർ

സംസ്ഥാനത്ത് ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ ഈ വർഷം മാത്രം പത്തുപേർക്കാണ് വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ 41 പേരിൽ 21പേരും മരിച്ചുവെന്ന് കെഎസ്ഇബിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചത്. വീട്ടിന്റെ ടെറസിൽ നിന്ന് പിതാവ് തേങ്ങ പറിക്കുന്നതിനിടെ ലോഹത്തൊട്ടി 11 കെവി ലൈനിൽ അബദ്ധത്തിൽ തൊടുകയായിരുന്നു. അച്ഛന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാനായി എത്തിയ മകനും വൈദ്യുതാഘാതമേറ്റു.

ഞായറാഴ്ച വൈക്കം സ്വദേശിയായ 62 കാരൻ മാങ്ങ പറിക്കുന്നതിനിടെ അപകടത്തിൽപെടുകയും മരിക്കുകയുമായിരുന്നു. അഞ്ചുവർഷത്തിനിടെ ഉണ്ടായ 250 അപകടങ്ങളിൽ 135 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കെഎസ്ഇബിയുടെ കണക്ക്.

Previous Post Next Post