വീണ്ടും തെരുവ് നായകളുടെ ആക്രമണംകോട്ടയം ‍മെഡിക്കല് കോളേജില്‍ ഇന്നലെ ചികിത്സ തേടിയത് 26 പേര്‍ * * * വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു



തെരുവുനായയുടെ കടിയേറ്റ്ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് മെഡിസിനില്‍ എത്തിയവര്‍.


ഹരികുമാർ 
കോട്ടയം : തെരുവുനായകളുടെ വിളയാട്ടം വീണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മനുഷ്യര്‍ക്ക് പുറമെ വളര്‍ത്തുമൃഗങ്ങളും തെരുവ് നായകളുടെ ആക്രമണ ഭീഷണിയിലാണ്. തെരുവ് നായകളുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ മാത്രം ചികിത്സ തേടിയത് 26 പേര്‍. 

വൈക്കം വെള്ളൂര്‍ വടകരയിലും, കോട്ടയം വടവാതൂരിലും കളത്തിപ്പടിയിലും വളര്‍ത്തുമൃഗങ്ങള്‍ക്കടക്കം കടിയേറ്റിട്ടുണ്ട്.
വെള്ളൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കുപറ്റി. ഇന്നലെ രാവിലെ ഏഴു മണിയോടെ വെള്ളൂര്‍ പഞ്ചായത്തിലെ വടകരയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വടകര വാളോക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ വിജി((38), വരിക്കാംകുന്ന് വയ്പ്പ്കുന്നേല്‍ സരസമ്മ (72), വരിക്കാംകുന്ന് പുല്‍പ്പറകുന്നേല്‍ അജീന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ ഇവര്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ്‌സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 
ഇവരെ കടിച്ച നായ സമീപത്തെ പാല്‍ സൊസൈറ്റിയില്‍ പാല്‍ വാങ്ങാന്‍ എത്തിയ നിരവധി പേരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആളുകള്‍ കയ്യിലുണ്ടായിരുന്ന കുടയും പാത്രങ്ങളും മറ്റും ഉപയോഗിച്ച് പ്രതിരോധിച്ചതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമകാരിയായ നായ കരിപ്പാടം ഭാഗത്തേക്ക് പാഞ്ഞ് പോയി. സാരമായി കടിയേറ്റ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

കരിപ്പാടം, വടകര, വെട്ടിക്കാട്ട് മുക്ക്, തടി ഡിപ്പോ ഭാഗങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.
പിറവത്ത് മകളുടെ വീട്ടില്‍ വന്ന വാകത്താനം സ്വദേശിനി റിട്ട. അദ്ധ്യാപിക അന്നമ്മ ടീച്ചര്‍ (72)കാരാപ്പുഴ കളത്തിപ്പറമ്പ് അമ്മുക്കുട്ടി (83) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു.

നായയുടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കാരാപ്പുഴ സ്വദേശി അമ്മുക്കുട്ടി 

കോട്ടയത്ത് വടവാതൂരിലും കളത്തിപ്പടിയിലും തെരുവുനായ ആക്രമണം ഉണ്ടായി. വടവാതൂര്‍ കടത്തിനു സമീപം മീന്‍ പിടിക്കാന്‍ എത്തിയ കുറ്റിക്കാട്ട് വീട്ടില്‍ സന്തോഷിനെയും മറ്റൊരാളെയുമാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റ രണ്ടു പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വടവാതൂര്‍ കടത്ത് ഭാഗത്ത് ആടിനെയും നായ കടിച്ചിട്ടുണ്ട്. 
ഇവിടെവച്ച് ആടിനെയും മനുഷ്യനെയും കടിച്ചശേഷം തെരുവുനായ നേരെ ഓടിയത് വടവാതൂരില്‍ നിന്നും കളത്തിപ്പടി ഭാഗത്തേയ്ക്കാണ്. കളത്തിപ്പടി ഭാഗത്തേയ്ക്ക് എത്തിയ നായ ഇവിടെ ഒരു വീട്ടിലെ നായയെയും കടിച്ചു. കടിയേറ്റ നായയെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. 

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് നായ അക്രമാസക്തനായി എത്തിയത്. തുടര്‍ന്നു, പ്രദേശമാകെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമന്‍കുട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നായ മറ്റു നായ്ക്കളെ ആക്രമിക്കാതിരിക്കുന്നതിനും, നായയുടെ ആക്രമണം ഉണ്ടായ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനും വേണ്ട ക്രമീകരണം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമന്‍കുട്ടി അറിയിച്ചു. നായയെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ സഹകരണത്തോടെ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post