കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മാരണയ്ക്കായി നിർമിക്കുന്ന ഭാഗവതഹംസവിഹാരം സ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസം നടന്നു. രാവിലെ 8നും 8.30നുമിടയില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശിലാന്യാസ പൂജയും ശിലാസ്ഥാപനവും നിർവഹിച്ചു .
ഉത്തരേന്ത്യന്‍ ക്ഷേത്ര മാതൃകയില്‍ 40,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായാണ് സ്മൃതി മണ്ഡപം നിര്‍മിക്കുന്നത്. ആദ്യനിലയില്‍ സ്തസംഗ മണ്ഡപവും രണ്ടാം നിലയില്‍ ഭാഗവതം, വേദം തുടങ്ങി പൗരാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠന കേന്ദ്രവും, ആദ്ധ്യാത്മിക ഗ്രന്ഥശാല എന്നിവയും മൂന്നാം നിലയില്‍ മെഡിറ്റേഷന്‍ ഹാളും ചേര്‍ന്നാണ് ഭാഗവതഹംസവിഹാരം സ്മൃതി മണ്ഡപം.
ഇന്ന് രാവിലെ 6 മണിക്ക് മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ 108 നാളികേരത്തിന്റെ ഗണപതിഹോമവും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന് പൂജയും നടത്തിയ ശേഷമാണ് ശിലാസ്ഥാപനം നടന്നത്.
മള്ളിയൂർ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി, മോൻസ് ജോസഫ് എംഎൽഎ, സ്വാമി അയ്യപ്പദാസ്, സ്വാമി സത്സ്വരൂപാനന്ദ, നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ, സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഭാഗവതഹംസവിഹാരത്തിന്റെ രൂപരേഖ