ഡൽഹി: പണത്തിന്റെ അഹങ്കാരത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവതി ഭവ്യാ റായിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നോയിഡയിലാണ് സംഭവം. യുവതിയുടേത് പണക്കാരുടെ ഈഗോയാണെന്നും വച്ച് പൊറുപ്പിക്കരുതെന്നും കാണിച്ച് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഗേറ്റ് തുറക്കാൻ വൈകിയതിനെ ചൊല്ലിയാണ് യുവതി സെക്യൂരിറ്റി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്.
സംഭവം ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാളിന്റെ ശ്രദ്ധയിൽപ്പെടുകയും യുവതിക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നോയിഡയിലെ സെക്ടർ-126ലെ ജെപി ഗ്രീൻ വിഷ് സൊസൈറ്റിയിലാണ് സംഭവം.