പാമ്പാടിക്ക് സമീപം ളാക്കാട്ടൂരിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ഗ്യാസ് ഏജൻസി ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചു പാമ്പാടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു




 ചിത്രം : അറസ്റ്റിലായ ബിജോയ് ചെറിയാൻ (46) 


 ✒️  ജോവാൻ മധുമല 
പാമ്പാടി :  കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ പാചകവാതക വിതരണ വാഹനത്തിന്റെ ഡ്രൈവർ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ അന്തീനാട് കൊല്ലപ്പള്ളി കടുതോടിൽ വീട്ടിൽ ബിജോയ് ചെറിയാനെ (46) പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ളാക്കാട്ടൂർ ഭാഗത്ത് ഇയാൾ ഓടിച്ചിരുന്ന പാചകവാതക വിതരണവാഹനം കേടായി. തുടർന്ന് സമീപത്തെ വീട്ടിൽ കയറി കുടിക്കാനായി വെള്ളം ചോദിച്ചു. വീട്ടുകാർ വെള്ളമെടുക്കുന്നതിനായി അകത്തേക്ക് പോയ സമയത്ത് വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. വീട്ടുകാർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻസ്പെക്ടർ കെ.ആർ.പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ പിടികൂടി. എസ്.ഐ. മാരായ കെ.എസ്.ലെബിമോൻ, എ.ആർ.ശ്രീരംഗൻ, എ.എസ്.ഐ. രമേഷ് കുമാർ, സി.പി.ഒ. മാരായ ജയകൃഷ്ണൻ, ജിബിൻ ലോബോ, പി.സി.സുനിൽ, സരുൺരാജ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കായി റിമാൻഡ് ചെയ്തു.
Previous Post Next Post