മന്ത്രിമാര്‍ ഓഫീസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ ചര്‍ച്ചയായി: കോടിയേരി.

 


തിരുവനന്തപുരം :  മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓണ്‍ലൈന്‍ മാത്രം പോരാ. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം. മന്ത്രിമാര്‍ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ പാര്‍ട്ടിയല്ലേ ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

       സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ?. എല്ലാക്കാലത്തും പോലീസിനെതിരേ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ഗവര്‍ണ്ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരേ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഗവര്‍ണ്ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാരും ഗവര്‍ണ്ണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. അത്തരത്തിലുള്ള നടപടികളല്ല ഗവര്‍ണ്ണര്‍ സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണ്ണര്‍ തന്നെ പാസ്സാക്കിയ 11 ഓര്‍ഡിനന്‍സുകളാണ് വീണ്ടും പുതുക്കാതെ തിരിച്ചയച്ചിട്ടുള്ളത്. ഗവര്‍ണ്ണര്‍ നടത്തുന്നത് കൈവിട്ട കളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Previous Post Next Post