വ്യാപാരിയെ നാലംഗ സംഘം രാത്രി തട്ടിക്കൊണ്ടുപോയി; മർദ്ദിച്ച് അവശനാക്കിയശേഷം റോഡരികിൽ തള്ളി




ഹക്കീം ആശുപത്രിയില്‍/ ടിവി ദൃശ്യം
 

കോഴിക്കോട്:  കക്കോടിയിൽ വ്യാപാരിയെ വാനിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയശേഷം റോഡരികിൽ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനാണ് (45) ക്രൂര മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ലുഖ്മാനുൽ ഹക്കീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. അതിനിടെ വാനിലെത്തിയ സംഘം തന്നെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഉറക്കെ കരഞ്ഞതുകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാൻ സ്ഥലം വിട്ടു. 

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു. അവശനിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Previous Post Next Post