പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി; അന്യസംസ്ഥാന തൊഴിലാളി കോട്ടയത്ത് അറസ്റ്റിൽ


കോട്ടയം: കുറവിലങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ നദിയ ജില്ലയിൽ ബല്ലാവാര ഗ്രാമത്തില്‍ മോട്ടുർ മകൻ രഞ്ജിത് രജോയാര്‍ (28) എന്നയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്‌തു. പലതവണ നീണ്ടുനിന്ന പീഡനങ്ങൾക്കൊടുവിലാണ് സംഭവവിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിജീവിതയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കൾ ജോലിക്ക് പോയതും, അതിജീവിതയും ഇളയ സഹോദരങ്ങളും തനിച്ചുണ്ടായിരുന്ന സമയം നോക്കി വീട്ടിൽ വരികയായിരുന്നു. അതിനുശേഷം അതിജീവിതയുടെ എട്ട് വയസ്സുള്ള സഹോദരനെ, ജൂസ് വാങ്ങാൻ കടയിൽ പറഞ്ഞയക്കുകയുമായിരുന്നു. തുടർന്ന്, ഇയാൾ മുറിയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് പ്രതി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസ്സുള്ള ഇളയ സഹോദരനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

കഴുത്തിൽ കത്തി വെച്ച് കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെയെല്ലാം കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയെ പിന്നീട് പലതവണ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്.

ക്രൂരമായ പീഡന സംഭവങ്ങൾ ഉണ്ടായതിന് പിന്നാലെ അതിജീവിത കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതിനെ തുടർന്ന്  മാതാവിനോട്  കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു.  ഇതിനുശേഷം കുടുംബം പോലീസിന് നൽകിയ പരാതിയിലാണ്  കുറവിലങ്ങാട്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.  അന്വേഷണത്തിൽ പ്രതി നാടുവിട്ടതായി മനസ്സിലാക്കി. ഇതിനെ  തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാളെ വെസ്റ്റ് ബംഗാളിൽ നിന്നും പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ. നിർമ്മൽ ബോസ്, എ.എസ്.ഐമാരായ സാജു ലാല്‍ കെ.എം., വിനോദ് ബി.പി., സി.പി.ഒ. സിജു എം.കെ., ഹോം ഗാർഡ് സാജു ജോസഫ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ കയറി  ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കുടമാളൂർ ഇടാട്ടു താഴെ വീട്ടിൽ ചെല്ലയ്യ മകൻ ആന്റണി മഹേന്ദ്രനെ കോട്ടയം വെസ്റ്റ് പോലീസ്  അറസ്റ്റ് ചെയ്‌തു.

ഇയാൾ കഴിഞ്ഞ ദിവസം  യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതിയും അയൽവാസിയായ യുവതിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി അപമര്യാദയായി പെരുമാറിയത്. ഇവരുടെ പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട് . വെസ്റ്റ് സ്റ്റേഷന്‍ എസ്.ച്ച്.ഒ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് ടി., സി.പി.ഒമാരായ ലിബു ചെറിയാൻ, വിജയ് ശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post