ഇതോ ചുരുളി? നൂറുകണക്കിന് ചെമ്മരിയാടുകൾ 12 ദിവസമായി വട്ടംചുറ്റുന്നു; ​ദുരൂഹത


ചൈന: നൂറുകണക്കിന് ചെമ്മരിയാടുകൾ ഒരു സ്ഥലത്ത് മാത്രമെത്തുമ്പോൾ വട്ടംചുറ്റി നടക്കുന്നു. അതും 12 ദിവസമായി തുടർച്ചയായി ഇതാവർത്തിക്കുകയാണ്. ചൈനയിലെ ഇന്നർ മൺഗോളിയ പ്രദേശത്താണ് ഇത്തരത്തിൽ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. സിസി ക്യാമറയിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ‌ഒരു ഫാമിലെ വലിയൊരു ആട്ടിൻകൂട്ടം മുഴുവൻ ഇത്തരത്തിൽ വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് കാണാൻ സാധിക്കുന്നത്.


അതേസമയം, ഈ കുട്ടത്തിലെ ചില ആടുകൾ ഈ വൃത്തത്തിന് പുറത്ത് നിന്ന് എന്താണ് സംഭവിക്കുന്നത് എന്ന് വീക്ഷിക്കുന്നതും വീഡിയോ ദൃശ്യത്തിൽ കാണാൻ സാധിക്കും. ഇതിനിടയിൽ ഇവ വഴിയുടെ നടുവിൽ അനങ്ങാതെ ഭയന്നത് പോലെ നിൽക്കുന്നതും കാണാം.

ബുധനാഴ്ചയോടെയാണ് ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ ഈ ആടുകൾ എല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നും ഇത്തരത്തിൽ നടക്കുന്നതിന്റെ വിവരം ദുരൂഹമാണെന്നും മാധ്യമം പറയുന്നു.

മിയാവോ എന്ന യുവതിയുടേതാണ് ഈ ചെമ്മരിയാടുകൾ എന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ഏതാനും കുറച്ച് ആടുകൾ മാത്രമാണ് ഇത്തരത്തിൽ വലം വച്ചത്, പിന്നീടാണ് കൂടുതൽ ആടുകൾ പിന്നാലെ വട്ടത്തിൽ നടക്കാൻ തുടങ്ങിയതെന്നും ഉടമ അവകാശപ്പെട്ടിട്ടുണ്ട്. തൻ്റെ ഫാമിൽ 34 ആട്ടിൻ തൊഴുത്തുകൾ ഉണ്ടെങ്കിലും, ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഈ രീതിയിൽ നടക്കുന്നത്. നമ്പർ 13ലെ ചെമ്മരിയാടുകളാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നത്.

നവംബർ നാല് മുതൽ ഇവർ ഈ പ്രവർത്തി തുടരുകയാണ്. ഇതുവരെ അവസാനിപ്പിച്ചിട്ടില്ല.

അതേസമയം, ഈ സംഭവത്തിൽ പലരും പല അഭിപ്രായങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ചിലർ അതിമാനുഷിക ശക്തികളേക്കുറിച്ച് വിവരിക്കുമ്പോൾ മറ്റുചിലർ ശാസ്ത്ര ചിന്തകളെയാണ് കൂട്ടുപിടിക്കുന്നത്.

ആടുകളുടെ ഈ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്ന് പറയുന്നത്. "സർക്കിളിങ്ങ് ഡിസീസ്" എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.

തുടക്കത്തിൽ, രോഗം ബാധിച്ച മൃഗങ്ങൾ വിശപ്പില്ലായ്മ്മ, വിഷാദം, ക്ഷീണം എന്നിവ കാണുന്നു. പിന്നീട് ഇവ ഒരോ മൂലകളിലേക്ക് ഒതുങ്ങുകയും നിശ്ചലമായ ഇടത്തേക്ക് ചായുകയോ ചെയ്യാമെന്നും പറയപ്പെടുന്നു.

കേടായതോ മോശം നിലവാരത്തിലോ ഉള്ള കാലിത്തീറ്റ കഴിച്ചതാകാം ഇത്തരത്തിൽ രോഗബാധയ്ക്ക് കാരണമായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചെമ്മരിയാടുകളിലും ആടുകളിലുമാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. രോഗലക്ഷണങ്ങൾ കാണിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇത് മരണത്തിലേക്കും ഇടവക്കുമെന്നാണ് പഠനങ്ങൾ‌ സൂചിപ്പിക്കുന്നത്.
Previous Post Next Post