അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കത്രിക കൊണ്ട് കുത്തിപ്പരിക്കൽപ്പിച്ച ശേഷം ക്ലാസ് ടീച്ചർ ഒന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു: ഡൽഹിയെ ഞെട്ടിച്ച് സർക്കാർ സ്കൂൾ അധ്യാപികയുടെ ക്രൂരകൃത്യം; കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ഒന്നാം നിലയില്‍ നിന്ന് അധ്യാപിക താഴോട്ടേക്ക് എടുത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദന ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഗീത ദേശ്വാള്‍ എന്ന ക്ലാസ് ടീച്ചര്‍ ആദ്യം കത്രിക കൊണ്ട് ആക്രമിക്കുകയും പിന്നീട് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു. വന്ദനയെ കത്രികകള്‍ കൊണ്ട് ആക്രമിച്ച ശേഷം ദേഷ്യം പിടിച്ച്‌ അധ്യാപിക വിദ്യാര്‍ഥിനിയെ ഒന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴോട്ട് എടുത്ത് എറിയുകയായിരുന്നു. മറ്റൊരു അധ്യാപിക ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ടീച്ചര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെണ്‍കുട്ടി താഴെ വീണ് സാരമായി പരിക്കേറ്റതിനാല്‍ ദൃക്‌സാക്ഷികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിനി ഡല്‍ഹിയിലെ ബാര ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post