ഭാരതത്തില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: ഭാരതത്തില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
       തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ചു കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
      ഭാരതത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതയ്ക്ക് സിമി എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണ്. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനം. അതിനാൽ തന്നെ ഒരു കാരണവശാലും സിമിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
       കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. 2001 ലാണ് സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത്. നിരോധനത്തിനു ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്കുണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിനു പുറമെ പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും ലഘുലേഖകകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനം തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
      2019ലാണ് അവസാനമായി സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയത്. അഞ്ച് വർഷത്തേക്കായിരുന്നു നിരോധനം നീട്ടിയത്. യുഎപിഎ നിയമ പ്രകാരമുള്ള ഈ നിരോധനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.

Previous Post Next Post