പതിനഞ്ചുവര്‍ഷമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിമുടി രൂപമാറ്റം വരുത്തിയ പ്രതിയെ വായിലെ സ്വര്‍ണ്ണപ്പല്ലിന്റെ അടക്കം സഹായത്തോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്. 2007-ല്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ എന്ന പ്രവീണ്‍ സിങ്ങിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയത്.
2007-ല്‍ മുംബൈയിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു പ്രവീണ്‍. ഈ സമയത്താണ് കടയുടമയെ കബളിപ്പിച്ച് ഇയാള്‍ 40,000 രൂപ തട്ടിയെടുത്തത്. മറ്റൊരു വ്യാപാരിയില്‍നിന്ന് പണം കൊണ്ടുവരാന്‍ പ്രവീണിനെയാണ് കടയുടമ അയച്ചത്. എന്നാല്‍ വ്യാപാരിയില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ കടയുടമയ്ക്ക് കൈമാറാതെ പണം മോഷ്ടിക്കപ്പെട്ടെന്ന കള്ളക്കഥ അവതരിപ്പിക്കുകയായിരുന്നു. ശൗചാലയത്തില്‍ കയറിയപ്പോള്‍ പണമടങ്ങിയ ബാഗ് ഒരാള്‍ തട്ടിയെടുത്തെന്നായിരുന്നു പോലീസിനോടും ആവര്‍ത്തിച്ചത്. വിശദമായ അന്വേഷണത്തില്‍ മൊഴി കള്ളമാണെന്നും പണം കൈക്കലാക്കിയത് പ്രവീണ്‍ തന്നെയാണെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.