ബോധപൂർവം അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി


 ന്യൂഡൽഹി : ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ.
 ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എംപിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചു. പക്ഷേ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കി.

നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ കെപിസിസി , എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു.

 കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നായിരുന്നു കെപിസിസി നിർദേശം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് കോൺഗ്രസിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമ‍ർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 മുൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് മുരളീധരനുള്ള കെ സുധാകരന്റെ കത്ത്.

Previous Post Next Post