കൊല്ലം: പുനലൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. കരുവാളൂര്‍ സ്വദേശികളായ പ്രവീണ്‍ പ്രിൻസ്, ജോമോൻ എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കരുവാളൂര്‍ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതും പൊലീസ് പെട്രോളിംഗ് സംഘം കണ്ടു. ഇവർ അക്രമി സംഘത്തെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതികൾ പൊലീസിന് നേരെ തിരിഞ്ഞത്. അക്രമികൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പൊലീസ് സംഘത്തിന് നേരെ വീശുകയും കല്ല് കൊണ്ട് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പിടിയിലായ പ്രവീണ്‍ പ്രിൻസും ജോമോനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അക്രമികളുടെ മര്‍ദ്ദനത്തിൽ പരിക്കേറ്റ സിപിഒ മണി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കി.