ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ; അഭിമാനമാകാൻ കൊച്ചി


കൊച്ചി: വാട്ടർ മെട്രോയുടെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് കൊച്ചിയിൽ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഓൺലൈൻ ആയി വാട്ടർ മെട്രോ കമ്മീഷൻ ചെയ്യും. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമാവുന്നത്. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒൻപത് ബോട്ടുകൾ സർവീസ് ആരംഭിക്കുക. കൊച്ചികായലിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ് ആരംഭിക്കുക.

ഓരോ റൂട്ടിലും മിനിമം 20 രൂപയും പരമാവധി 40 രൂപയുമാകും ചാർജ് ഈടാക്കുക. 747 കോടി രൂപ ചിലവിലാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. വാട്ടർ മെട്രോ പ്രവർത്തന സജ്ജമായിട്ട് ഒരു വ‍ർഷത്തോളമായി. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും.
Previous Post Next Post