നടിയെ ആക്രമിച്ച കേസ്: വിചാരണ ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; വൈകുന്നതിന് കാരണം ദിലീപെന്ന് സര്‍ക്കാർ


 
 ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ടുപോകുകയാണ്. വിചാരണ വൈകുന്നതിന് കാരണം ഇതാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്‌സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. അതേസമയം ഓണ്‍ലൈന്‍ വിചാരണയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം താന്‍ അല്ലെന്ന് ദിലീപ് വാദിച്ചു.

ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജിത റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു. ഓരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.
Previous Post Next Post