പോലീസിൽ വീണ്ടും മാങ്ങാ വിവാദം ,പോലീസ്മേലുദ്യോ​ഗസ്ഥന്റെ പേര് പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങി ,മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായി സൂചന



തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്സ് എന്ന കടയിൽ നിന്നാണ് ഒരു മാസം മുൻപ് 5 കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.

രണ്ട് കവറുകളിലായി അഞ്ചു കിലോ മാങ്ങയാണ് പൊലീസുകാരൻ വാങ്ങിയത്. കഴക്കൂട്ടം അസി. കമ്മീഷണർക്കും പോത്തൻകോട് സി.ഐക്കുമാണ് മാങ്ങ വാങ്ങിയത് എന്ന് പൊലീസുകാരൻ കടക്കാരനെ ധരിപ്പിച്ചു. എന്നാൽ പിന്നീട് പൊലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടർന്ന് പോത്തൻകോട് ഇൻസ്പെക്ടർ ഡി. മിഥുൻ സ്ഥലത്തെത്തി അന്വേഷണം നടത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ മാങ്ങ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായാണ് സൂചന. സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Previous Post Next Post