ചാത്തന്നൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്നൂർകാരം കോട് പ്ലാവറകുന്ന് ചരുവിള വീട്ടിൽ ശിവരാജൻ (കൊച്ചു പൊടിയൻ, 72) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവരാജനും സഹോദരൻ വേലായുധനുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതനായ വേലായുധൻ അടുത്ത കാലത്ത് മരണമടഞ്ഞിരുന്നു. ശിവരാജന്റെ ഭാര്യ വിജയമ്മയും നേരത്തെ മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. ഭാര്യയുടെയും സഹോദരന്റെയും മരണത്തിന് ശേഷം ശിവരാജൻ ഒറ്റയ്ക്കായിരുന്നു താമസം. ശിവരാജൻ കൂടെക്കൂടെ ബന്ധുവീടുകളിൽ പോയി നിൽക്കാറുണ്ടായിരുന്നു. അതിനാൽ, ശിവരാജനെ പുറത്തു കാണാതിരുന്നതിനാൽ പരിസരവാസികൾ അന്വേഷിച്ചതുമില്ല. വീട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്ന് മുറി തുറന്ന് അകത്ത് കടന്നപ്പോഴാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.