പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം; മലബാര്‍ മേഖലയില്‍ 97 താത്കാലിക ബാച്ചുകള്‍ക്ക് അനുമതി





തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കന്നതിനായി മലബാര്‍ മേഖലയില്‍ 97 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 97 ബാച്ചുകളില്‍ 57 ബാച്ചുകള്‍ സര്‍ക്കാര്‍ മേഖലയിലും 40 എണ്ണം എയ്ഡഡ് മേഖലയിലുമാണ് അനുവദിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പാലക്കാട് 4, കോഴിക്കോട് 11, മലപ്പുറം 53, വയനാട് 4, കണ്ണൂര്‍ 10, കാസര്‍കോട് 15 എന്നിങ്ങനെയാണ് ബാച്ചുകള്‍ അനുവദിച്ചത്. ഇതില്‍ സയന്‍സ് 17, ഹ്യുമാനിറ്റീസ് 52, കോമേഴ്‌സ് 28 എന്നിങ്ങനെയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12 സയന്‍സ് ബാച്ചുകളും 35 ഹ്യുമാനിറ്റീസ് ബാച്ചുകളും, 10 സയന്‍സ്ബാച്ചുകളുമാണ് അനുവദിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ 5 സയന്‍സ് ബാച്ചുകളും 17 ഹ്യൂമാനിറ്റീസ് ബാച്ചുകളും 18 കോമേഴ്‌സ് ബാച്ചുകളുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

97 അധികബാച്ചുകള്‍ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള മാര്‍ജിന്‍ സീറ്റ് വര്‍ധനവ്, അധിക താത്കാലിക ബാച്ച് എന്നിവകളിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 37,685 കുട്ടികളുടെയും എയ്ഡഡ് സ്‌കൂളുകളില്‍ 28,787 സീറ്റുകളുടെയും വര്‍ധനവ് ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Previous Post Next Post