തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകിയത് കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ ഗുളികകളെന്നു പരാതി. സംഭവം ശ്രദ്ധയിൽപെട്ടതായും വിശദാംശങ്ങൾ അന്വേഷിച്ചു വരുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2023 മേയിൽ വിൽപന കാലാവധി കഴിഞ്ഞ ഗുളികകളാണ് തൊഴിലാളികൾക്കു കൊടുത്തത്.
അതതു പിഎച്ച്സികളിലെ ഫാർമസികളിൽ നിന്നു ഗുളികകൾ കൈപ്പറ്റി തൊഴിലുറപ്പ് മേറ്റുമാരാണ് തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിലാണ് സംഭവം. വിവരം കാസർകോട് ഡിഎംഒ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തിവരുന്നതായി കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ഇതു സംബന്ധിച്ചു കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി