കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയില്‍ യു.ഡി.എഫുകാരനായ വൈസ് ചെയര്‍മാന്‍, അസിസ്റ്റന്റ് എഞ്ചിനീയറെ മര്‍ദിച്ചെന്ന് പരാതി. വൈസ് ചെയര്‍മാന്‍ ജയമോഹനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബോണി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ എഞ്ചിനീയര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി വൈസ് ചെയര്‍മാനും പൊലീസിനെ സമീപിച്ചു.
നഗരസഭാ പരിധിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തിലേക്ക് എത്തിയത്. തന്റെ വാര്‍ഡില്‍ തെരുവു വിളക്ക് സ്ഥാപിക്കാത്തത് ചോദ്യം ചെയ്യാനെത്തിയ വൈസ് ചെയര്‍മാന്‍ ജയമോഹന്‍ മര്‍ദിക്കുകയായിരുന്നെന്നാണ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ബോണി എസിന്റെ പരാതി. കാല്‍മുട്ടിനും മുഖത്തും പരുക്കേറ്റ എന്‍ജിനിയര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.
എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും എഞ്ചിനീയര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് ജയമോഹന്‍റെ വാദം. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായാണ് ജയമോഹന്‍ വൈസ് ചെയര്‍മാനായത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതിനെതിരെ ജയമോഹന്‍ നേരത്തെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
Share This!...