തൃശൂർ: തൃശൂരിലെ ചിറക്കേക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), കൊച്ചുമകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ മകനെയും മരുമകളെയും കൊച്ചു മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് ജോൺസൺ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽനിന്നു തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുവർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിൻ്റെ ടെറസിൽനിന്നു കണ്ടെത്തി. ഇയാളെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസൻ്റെ ആരോഗ്യനില ഗുരുതരമാണ്. പൊള്ളലേറ്റ ജോജിയും ഇയാളുടെ മകൻ ടെണ്ടുൽക്കറും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജിയുടെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളത്തെ ആശുപത്രിയിലാണ് ലിജി തുടരുന്നത്.