നവിമുംബൈയില്‍ താമസിക്കുന്ന വനിതാ ഡോക്ടറാണ് സൈബര്‍ തട്ടിപ്പിനിരയായത്. ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിലാണ് ഡോക്ടര്‍ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ കമ്പനിയുടേതെന്ന പേരില്‍ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു.
എന്നാല്‍, സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ സന്ദേശത്തിലുണ്ടായിരുന്ന നമ്പറില്‍ വിളിച്ചു. കമ്പനിയുടെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. പിന്നാലെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടിവെന്ന പേരില്‍ ഒരാള്‍ പരാതിക്കാരിയെ വിളിക്കുകയും ഓര്‍ഡര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്‌ക്കണമെന്ന നിര്‍ദേശവും നല്‍കി. ഇതിനായി ബാങ്ക് വിവരങ്ങള്‍ കൈമാറാനായി ഒരുലിങ്കും അയച്ചുനല്‍കി.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡായെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതിയില്‍ നെരൂള്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.