ചെന്നൈ: തമിഴ്നാട്ടിൽ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ സ്ത്രീയും കാമുകനും അറസ്റ്റിൽ. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം. പ്രദേശത്ത് പൂക്കൾ വിതരണം ചെയ്യുന്ന പ്രഭു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഭു ചോദ്യം ചെയ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നൽകിയ ശേഷം ഭാരതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയിൽ വെച്ച് മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മഴ കാരണം പദ്ധതി നടപ്പിലാകാത്തതോടെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു.
പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ ഇയാൾ പ്രഭു കച്ചവടം നടത്തുന്ന മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും പ്രഭുവിനെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെ സഹോദരനെ കാണില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.