ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പളവർധന നടപ്പാക്കാൻ ധാരണയായിമുംബൈ : ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പളവർധന നടപ്പാക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ.) പ്രതിനിധികളും ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി.

2021-22 സാമ്പത്തികവർഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവിൽ 17 ശതമാനം വർധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തിൽ മൂന്നുശതമാനം വർധനയാണ് നടപ്പാക്കുക. ഇതോടൊപ്പം 1986 -നുശേഷം വിരമിച്ച എല്ലാവർക്കും പെൻഷൻ പരിഷ്കരിക്കാനും ബാങ്കുകൾ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവൻസുകളിലെയും വർധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 നവംബർ ഒന്നുമുതൽ അഞ്ചുവർഷത്തേക്കാണ് ശമ്പളപരിഷ്കരണം പ്രാബല്യത്തിലുണ്ടാകുക. ധാരണയനുസരിച്ച് എസ്.ബി.ഐ. അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിൽ 2021-22 സാമ്പത്തിക വർഷത്തെ ശമ്പളച്ചെലവിന്റെ 17 ശതമാനമായ 12,499 കോടി രൂപയുടെ വർധനയാണ് വരുത്തുക. അടിസ്ഥാന ശമ്പളത്തിൽ മൂന്നുശതമാനംവരുന്ന 1795 രൂപയുടെ വർധനയുണ്ടാകും. 2022 ഒക്ടോബർ 31-നുള്ള അടിസ്ഥാന ശമ്പളത്തിൽ 8088 പോയന്റ് വരെയുള്ള ക്ഷാമബത്ത ലയിപ്പിക്കും. 2021 ജൂലായ്-സെപ്റ്റംബർ പാദത്തിലെ ക്ഷാമബത്തയുടെ ശരാശരി പോയന്റ് കണക്കാക്കിയാകുമിത്. ജീവനക്കാർക്കും ഓഫീസർമാർക്കുമുള്ള ശമ്പളവർധനയുടെ വിതരണക്രമവും അലവൻസുകളുടെ കാര്യങ്ങളും പ്രത്യേകമായി തീരുമാനിക്കും. എൽ.എഫ്.സി., അവധിദിനങ്ങൾ കൂട്ടുക തുടങ്ങിയ സേവനവ്യവസ്ഥകളുടെ കാര്യത്തിൽ ചർച്ചകൾ തുടരും.

പ്രവൃത്തിദിനം അഞ്ചായി ചുരുക്കാനുള്ള വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. 2017 മുതൽ അഞ്ചുവർഷത്തേക്കായിരുന്നു ഇതിനുമുമ്പ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. അന്ന് 15 ശതമാനം വർധനവരുത്തി. ക്ഷാമബത്തയിൽ 2.5 ശതമാനമായിരുന്നു വർധന. വ്യാഴാഴ്ച മുംബൈയിൽ രാത്രി വൈകിയാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയതെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ എന്നിവയടക്കമുള്ള യൂണിയനുകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
Previous Post Next Post