2024 സെമി ഫൈനൽ; ചാരമായി ഇൻഡി സഖ്യവും; ഛത്തീസ്ഗഢും രാജസ്ഥാനും ‘കൈ’വിടുന്നതോടെ കോൺഗ്രസ് ദുർബ്ബലമാകും

ന്യൂഡൽഹി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയ നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും അടി പതറിയ കോൺഗ്രസിനൊപ്പം തകർന്നത് ഇൻഡി സഖ്യത്തിന്റെ ഭാവിയും. 2024 ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കി രാജ്യഭരണം പിടിക്കാമെന്ന മോഹത്തോടെ രൂപം നൽകിയ സഖ്യത്തിന് മോദിയും കൂട്ടരും ഈ തിരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നത് ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്‌മെന്റാണ്.

ഹിമാചൽ പ്രദേശിലും അതിന് പിന്നാലെ കർണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇൻഡി സഖ്യം പിറവിയെടുത്തത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസ് തിരിച്ചെത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഇൻഡി സഖ്യത്തിൽ വിലപേശലിനും കോൺഗ്രസ് മുതിർന്നു. ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനും ശരദ് പവാറും ഉൾപ്പെടെയുളള നേതാക്കളോട് വിലപേശി മുന്നണിയുടെ നേതൃസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് മേധാവിത്വവുമൊക്കെ നേടാനുളള തയ്യാറെടുപ്പിലായിരുന്നു കോൺഗ്രസ്.


എന്നാൽ പാർട്ടി ഭരണത്തിലിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ കോൺഗ്രസിന്റെ സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയ ഇൻഡി സഖ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളിലെല്ലാം വലിയ സംഭവമാക്കി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇൻഡി ബ്ലോക്കിന് വോട്ടുറപ്പിക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

ഇൻഡി സഖ്യം കരുത്ത് തെളിയിക്കുമെന്നും ബിജെപിയുടെ പ്രതാപം അവസാനിക്കുമെന്നും പ്രചരിപ്പിക്കാനായിരുന്നു കോൺഗ്രസ് പ്രചാരണ വേദികൾ അധികവും ഉപയോഗിച്ചത്. ഇൻഡി സഖ്യത്തിലും കോൺഗ്രസിന്റെ നില ഇതോടെ പരുങ്ങലിലാകുമെന്നാണ് കരുതുന്നത്. ശരദ് പവാർ ഉൾപ്പെടെയുളള നേതാക്കൾ സഖ്യത്തിൽ ഇനി പിടിമുറുക്കും. നിലവിൽ അജിത് പവാർ വിട്ടുപോയതോടെ മഹാരാഷ്ട്രയിൽ ശരദ് പവാർ പക്ഷം ക്ഷീണത്തിലാണ്. ഇൻഡി സഖ്യത്തിൽ പിടിമുറുക്കി ഇതിന്റെ ക്ഷീണം മറികടക്കാനാകും ശരദ് പവാറിന്റെ ശ്രമം.

മാത്രമല്ല ഈ പരാജയത്തോടെ ഇൻഡി സഖ്യത്തിലെ ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നും കോൺഗ്രസിന്റെ വല്യേട്ടൻ നിലപാടുകൾക്ക് ശക്തമായ എതിർപ്പുയരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ 2024 തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം നിലനിൽക്കുമെങ്കിലും കൊട്ടിഘോഷിച്ചപോലുളള ശക്തി ഉണ്ടാകില്ലെന്ന് സാരം. പല സംസ്ഥാനങ്ങളിലെയും സീറ്റ് പങ്കുവെയ്ക്കൽ ഉൾപ്പെടെ ഇൻഡി സഖ്യത്തിൽ വെല്ലുവിളിയാകുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിലേക്കുളള വ്യക്തമായ സൂചനയാണ് ഇതെല്ലാം നൽകുന്നത്. ബിജെപിയുമായി നേർക്കു നേരെ ഏറ്റുമുട്ടിയ മറ്റ് സംസ്ഥാനങ്ങളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ തെലങ്കാനയിൽ ഭരണം പിടിച്ചത് പാർട്ടിക്ക് വലിയ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലെ പരാജയം പാർട്ടിക്കുളളിലെ തമ്മിൽ തല്ലിൽ പഴിചാരാമെങ്കിലും ഛത്തീസ്ഗഢിൽ അധികാരം നിലനിർത്താൻ സാധിക്കാതെ വന്നത് കോൺഗ്രസിനെ കൂടുതൽ ദുർബ്ബലമാക്കും.
Previous Post Next Post