കൊച്ചി നിറയെ ബൾബുകൾ മിന്നിക്കത്തും, പുതുവത്സരം പൊടിപൊടിക്കാൻ 70 ലക്ഷം രൂപയുടെ പദ്ധതി



കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലും ഈ വർഷം മുതൽ ദീപാലങ്കാരം തുടങ്ങും. കൊച്ചി മേയറുടെ ആവശ്യപ്രകാരമാണ് ദീപാലങ്കാര പദ്ധതി നടപ്പിലാക്കുന്നത്. 30 ലക്ഷം രൂപയുടെ ദീപാലങ്കാര പ്രവൃത്തികളാണ് ഇത്തവണ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയെ കാത്തിരിക്കുന്നത്.തിരുവനന്തപുരം നഗരത്തിൽ മാത്രം നടന്നിരുന്ന ദീപാലങ്കാര പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ എൽഇഡി ബൾബുകളടക്കം ഉപയോഗിച്ചു അലങ്കരിക്കും. പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി സഞ്ചാരികൾ വരുന്ന മറൈൻ ഡ്രൈവിൽ ശ്രദ്ധേയമായ വിളക്കുകൾ സ്ഥാപിക്കും.ടൂറിസം വകുപ്പ് തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി വിജയകരമായി നടത്തിയിരുന്നത്. ഡിസംബർ 30ന് വൈകിട്ട് ആറുമണിക്ക് പദ്ധതി മറൈൻ ഡ്രൈവിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ അടക്കുമുള്ള കൊച്ചി നഗരത്തിലെ മറ്റു സംഘടനകളും പദ്ധതിക്ക് പിന്തുണ നൽകും.കൊച്ചി കോർപറേഷൻ പരിസരം കൂടാതെ കോർപറേഷൻ 41 ലക്ഷം രൂപയോളം ചെലവിട്ട് കൊച്ചി, പള്ളുരുത്തി മേഖലകളിലും പുതുവത്സര അലങ്കാരങ്ങളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ഇതിനൊപ്പം സർക്കാർ സഹായം കൂടി ലഭിക്കുന്നതോടെ 70 ലക്ഷം രൂപയിൽ അധികം വരുന്ന ദീപാലങ്കാരങ്ങൾ നഗരത്തിന് ശോഭ കൂട്ടുമെന്ന് ഉറപ്പാണ്.


Previous Post Next Post