തുറമുഖം വാസവന്; കടന്നപ്പള്ളിക്ക് പുരാവസ്തു മ്യൂസിയം; ഗണേഷ് കുമാറിന് ഗതാഗതം



തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെബി ഗണേഷ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനമായി. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഗവര്‍ണര്‍ അംഗീകരിച്ച പട്ടികയാണിപ്പോള്‍ പുറത്തുവന്നത്. മന്ത്രി കെ ബി ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ച പ്രകാരം ഗതാഗത വകുപ്പ് തന്നെയാണ് നല്‍കിയത്. സിനിമ വകുപ്പ് കൂടി അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. സിനിമ വകുപ്പ് സജി ചെറിയാന്റെ അധികാരത്തിൽ തന്നെ തുടരും. അതേസമയം, കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പ് നല്‍കിയില്ല, പകരം, രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു എന്നീ വകുപ്പുകളാണ് നൽകിയിട്ടുള്ളത്. മന്ത്രി വി എൻ വാസവന്റെ വകുപ്പായിരുന്നു രജിസ്ട്രേഷൻ.എന്നാൽ, നിലവിലെ മന്ത്രി വിഎന്‍ വാസവന് കൂടുതലായി ഒരു വകുപ്പിന്‍റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കി. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദയിയിലായിരുന്നു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ ഗണേഷ് കുമാർ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്.

Previous Post Next Post