അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം

 

 
തിരുവനന്തപുരം : അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പുമായി കെഎസ്ഇബി.

 സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ 111 പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകൾക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാൽ നോട്ടീസ് നൽകണമെന്നും പരിഹാരമായില്ലായെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. 

ദീർഘകാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോൾ തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻകൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. 

കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൗകര്യപ്രദമായ രീതിയിൽ മീറ്ററുകൾ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റർ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
Previous Post Next Post