ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നത് പ്രതിരോധിക്കാനാണ് ശ്രമം. വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെ ടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളം കൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്. വിദേശ പഠനവും മറ്റും കുട്ടികൾ സ്വയം കണ്ടെത്തുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി സർവകലാശാലകൾ നല്ല പ്രകടനം കാഴ്ചവെക്കുന്നു. പുതിയ കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളം വികസിക്കുമ്പോൾ വിദേശ വിദ്യാർഥികളും കേരളത്തിലേക്കെത്തും. അവർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകൾ ആരംഭിക്കും. ഇവിടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ കോഴ്സുകൾ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.Previous Post Next Post