ദേശീയപാർലമെന്റ് ആക്രമണത്തിലെ പ്രതികൾ' ഭഗത് സിങ് ഫാൻ ക്ലബ് അംഗങ്ങൾ', പരിചയം സോഷ്യൽമീഡിയ വഴി; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി





പാർലമെന്റിൽ അതിക്രമിച്ച് കയറി പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു.
ആറുപേർ ചേർന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതിൽ അഞ്ചുപേരെയാണ് പിടികൂടിയത്. ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി പ്രതിഷേധിക്കുക ഉയർത്തിയത് സാഗർ ശർമ്മയും ഡി മനോരഞ്ജനുമാണ്. നീലം ദേവിയും അമോൽ ഷിൻഡെയും പാർലമെന്റിന് പുറത്താണ് പ്രതിഷേധം ഉയർത്തിയത്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ലളിത് ഝയുടെ ഗുരുഗ്രാം സെക്ടറിലെ വീട്ടിലാണ് പ്രതികൾ ഒത്തുകൂടിയതെന്നും പൊലീസ് പറയുന്നു. ലളിത് ഝാ ഒളിവിലാണ്. ഗുരുഗ്രാം സ്വദേശിയായ വിക്കി ശർമ്മയാണ് അഞ്ചാമൻ.

ആറ് പേരും നാല് വർഷമായി പരസ്പരം അറിയാവുന്നവരും ഒരുമിച്ച് ഈ പദ്ധതി ആവിഷ്കരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽമീഡിയ വഴിയാണ് ഇവർ പരസ്പരം ബന്ധം നിലനിർത്തിയിരുന്നത്. പാർലമെന്റിൽ എത്തുന്നതിന് മുമ്പ് ഇവർ നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 'ഭഗത് സിങ് ഫാൻ ക്ലബ്' എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇവരെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു. ഭഗത് സിങ്ങിന്റെ പ്രത്യയശാസ്ത്രത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ പാർലമെന്റിൽ അതിക്രമിച്ച് കയറിയതെന്നും പൊലീസ് പറയുന്നു.

സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ 2020 ലെ കർഷക പ്രതിഷേധത്തിൽ നീലം ദേവി സജീവമായി പങ്കെടുത്തതായി സഹോദരൻ പറഞ്ഞു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെങ്കിൽ സഹോദരൻ കൂട്ടിച്ചേർത്തു. ഇന്നലെ പാർലമെന്റിൽ നടന്ന സുരക്ഷാവീഴ്ചയിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്ങിന്റെ പ്രത്യേക സമിതി അന്വേഷിക്കും.
Previous Post Next Post