കുന്നിന്‍ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം !!മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. മലകയറ്റത്തിനായി പ്രബല്‍ഗഡ് കോട്ടയുടെ മുകളിലെത്തിയപ്പോഴാണ് ദാരുണ അപകടം. ദമ്പതികള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ അസ്വാഭാവിക അപകട മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തു. പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് യുവതി 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു.

പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായത്. ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെകിംഗിനായി പോയി.

ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഈ സമയത്ത് അവള്‍ അബദ്ധത്തില്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിനായക് പൊലീസിനോട് പറഞ്ഞു.

നിസര്‍ഗ മിത്ര എന്ന പ്രാദേശിക എന്‍ ജി ഒയുടെ കോട്ടയിലെ ട്രെകര്‍മാരും റെസ്‌ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ഏകദേശം 200 അടി താഴ്ച്ചയില്‍, ശരീരത്തില്‍ ഒന്നിലധികം മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തില്‍ ഏകദേശം 2,300 അടി ഉയരത്തില്‍ റായ്ഗഡ് ജില്ലയിലെ മാത്തേരനും പന്‍വേലിനും ഇടയിലാണ് പ്രബല്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. പീഠഭൂമിയുടെ കൊടുമുടിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കോട്ടയില്‍ കയറുന്ന ട്രെകര്‍മാരുടെ സുരക്ഷക്കായി സുരക്ഷാ റെയിലുകളോ കയറുകളോ ഇല്ല.

Previous Post Next Post