വണ്ടിപ്പെരിയാർ കേസ്: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്. പ്രതിയായ അർജുനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.

കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടി.ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻ്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി.

Previous Post Next Post