വെള്ളമില്ലാതെ വലഞ്ഞ് ബെംഗളൂരു; വർക്ക് ഫ്രം ഹോമിനായി മുറവിളി; ക്ലാസുകൾ ഓൺലൈനാക്കണമെന്ന് ആവശ്യം

 


ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ ഐടി നഗരമായ ബെംഗളൂരുവിൽ വർക്ക് ഫ്രം ഹോമിനായി മുറവിളി. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിരവധി പേരാണ് ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹോം നിർബന്ധമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. മൺസൂൺ വരെ സ്കൂളുകളുടെ പ്രവർത്തനം കൊവിഡ് കാലത്തേതിനു സമാനമായി ഓൺലൈനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഐടി ജീവനക്കാർക്ക് വർക്കം ഫ്രം ഹോം ഏർപ്പെടുത്തിയാൽ ജീവനക്കാർ ജന്മനാടുകളിലേക്കു മടങ്ങുമെന്നും അതോടെ ജലലഭ്യത കൂടുമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഐടി മേഖലയിലെങ്കിലും വർക്കം ഫ്രം ഹോം നിർബന്ധമാക്കണെമന്നാണ് ഉയരുന്ന ആവശ്യം.

2023ൽ മഴ കുറഞ്ഞതാണ് കർണാടത്തിൽ, പ്രത്യേകിച്ചു തലസ്ഥാനമായ ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമാകാനിടയായത്. സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പ്രകാരം, വരും മാസങ്ങളിൽ കർണാടകത്തിലെ 7,082 ഗ്രാമങ്ങളിലും ബെംഗളൂരു അർബൻ ജില്ലയിലെ 1,193 വാർഡുകളിലും വരൾച്ച രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോൾ തന്നെ നഗരത്തിലെ 50 ശതമാനം കുഴൽക്കിണറുകളും വറ്റിവരണ്ടു. കാവേരി പൈപ്പ് ലൈനിലൂടെയുള്ള വെള്ളം വിതരണവും താറുമാറായതോടെ ടാങ്കറുകളിലടക്കം വെള്ളം എത്തിച്ചാണ് നഗരവാസികൾ ദൈനംദിന ജീവിതം തള്ളിനീക്കുന്നത്.

ടാങ്കർ നിരക്ക് കുത്തനെ ഉയർന്നതോടെ ജില്ലാ ഭരണകൂടം നിരക്കുകൾ നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. കൂടാതെ, കുടിവെള്ളം ഉപയോഗിച്ചു കാർ കഴുകൽ, ചെടി നനയ്ക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. നിർദേശം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്താനാണ് തീരുമാനം. അതേസമയം വറ്റിവരണ്ട തടാകങ്ങളിൽ പ്രതിദിനം 1,300 മില്യൺ ലിറ്റർ വെള്ളം നിറച്ചു ഭൂഗർഭ ജലത്തിൻ്റെ അളവ് വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

Previous Post Next Post