മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം'
കേരളത്തിലെ മുസ്ലീം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്. അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന് ഇടുക്കി, താമരശ്ശേരി രൂപതകളും ക്രിസ്ത്യൻ യുവജനവിഭാഗമായ കെസിവൈഎമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നസീർ ഹുസൈൻ കിഴക്കേടത്ത് ഫെയ്സ്‌ബുക്ക് കുറിപ്പ്

കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ ഞാൻ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകൾക്ക് മുന്നിലും ക്രിസ്ത്യൻ യുവജനവിഭാഗമായ കെസിവൈഎം ൻ്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വർദ്ധിപ്പിക്കുന്നു.

കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയിൽ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തിൽ ജനിച്ച് മുസ്ലിം വിശ്വാസികൾ ആയി ജീവിക്കുന്ന യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ്
തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഞാൻ ഒരു കോടി രൂപ ഓഫർ ചെയ്യുന്നു. ഓർക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി....

ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.
 


Previous Post Next Post