പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90)അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 

അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.

സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
Previous Post Next Post