സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ

കൊച്ചി: എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ചൊവ്വര സ്റ്റേഷനിൽ നിര്‍ത്താതെ ട്രെയിൻ മുന്നോട്ട് പോവുകയായിരുന്നു.

ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനാണ് ചൊവ്വര. സ്റ്റേഷനിൽ ഇറങ്ങാൻ ആളുണ്ടായിരുന്നെങ്കിലും വണ്ടി നിർത്താതെ പോയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. തുടർന്ന് പാതി വഴിയിൽ വണ്ടി നിർത്തി. ഇതോടെ സ്റ്റേഷനിൽ ഇറങ്ങേണ്ട പലരും ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.

അപ്പോഴും ട്രെയിനിൽ കയറാൻ നിരവധി പേർ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‌‍ പിന്നോട്ടെടുത്തു. കൂരിരുട്ടിൽ ദൂരെ ഇറങ്ങിയ യാത്രക്കാരിൽ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോൾ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെ ചൊവ്വര സ്റ്റേഷനിൽ എത്തിയ ട്രെയിൻ വൈകിയാണ് പിന്നീട് സ‍ര്‍വീസ് നടത്തിയത്.
Previous Post Next Post