പ്രണയംതകർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ലെന്നു ഹൈക്കോടതി…


പ്രണയപരാജയം’ മൂലം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുർബ്ബലമായ മാനസികാവസ്ഥയിൽ ഒരാൾ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.പ്രണയപരാജയത്തെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്താൽ മറ്റേ ആൾക്ക് എതിരെയോ, പരീക്ഷയിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ അധ്യാപകനെതിരെയോ, കോടതിയിൽ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താൽ വക്കീലിനെതിരെയോ കേസ് എടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.
യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ വിചാരണ നേരിട്ട യുവതിക്കും യുവതിയുടെ സുഹൃത്തിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം. ആത്മഹത്യ ചെയ്തയാളുടെ അച്ഛന്റെ പരാതിയിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തത്. തന്റെ മകനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും സുഹൃത്തായിരുന്ന യുവാവുമായി പെൺകുട്ടി അടുക്കുകയും അവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഉടൻ വിവാഹം കഴിക്കുമെന്നും പറഞ്ഞ് മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ കാരണം യുവതിയും സുഹൃത്തുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.

മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചുവെന്നത് ശരിയാണെങ്കിലും അത് മരിച്ച ആളുടെ വേദന പ്രകടിപ്പിക്കുന്ന കുറിപ്പ് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. മരണപ്പെട്ടയാളെ ആത്മഹത്യയിലേയ്ക്ക് നയിക്കുക എന്ന് ഉദ്ദേശം ഇരുവർക്കും ഉണ്ടായിരുന്നതായി അനുമാനിക്കാൻ കഴിയില്ല. മരിച്ചയാൾ സെൻസിറ്റീവ് സ്വഭാവമുള്ളയാളായിരുന്നുവെന്നും തന്നോട് സംസാരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു.
Previous Post Next Post