പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്. പിന്നാലെ മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.

അഞ്ച് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നത്. മണികണ്ഠനാല്‍ പന്തലിലേക്ക് എത്തുമ്പോള്‍ ഒമ്പത് ആനകളാകും അണിനിരക്കുക. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് രാവിലെ ഏഴു മണിക്ക് ആരംഭിക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി രാവിലെ എട്ടിന് പുറപ്പെടും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11 ന് തുടങ്ങും. പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് നടക്കുക.

ഇലഞ്ഞിത്തറമേളം ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് തുടങ്ങും. ശ്രീമൂലസ്ഥാനത്തെ മേളം 2.30 ന് നടക്കും. പൂരത്തിന്റെ വര്‍ണവൈവിധ്യമായ കുടമാറ്റം വൈകീട്ട് 5.30 ന് നടക്കും. വെടിക്കെട്ട് പുലര്‍ച്ചെ മൂന്നിന് നടക്കും. 

എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ ആരവങ്ങള്‍ക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്നതോടെയാണ് തൃശൂര്‍ ഈ കൊല്ലത്തെ പൂരത്തിലേക്ക് കടന്നത്. കോടതി നിര്‍ദേശ പ്രകാരം കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Previous Post Next Post