ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ടിരുന്നു: വെളിപ്പെടുത്തി ഇപി ജയരാജൻ


കണ്ണൂർ : താൻ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇപി സ്ഥിരീകരിച്ചത്.തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ചർച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാന്‍ വരുമെന്ന് ഇ പി കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്നും പാർട്ടിയിൽ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രൻ, കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദല്ലാൾ നന്ദകുമാർ എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
Previous Post Next Post